StoryMysterymalayalam

യാത്ര അവസാനിക്കുന്നിടം


0 views
August 31, 2026
1 paragraphs

വഴി അത്ര പരിചിതമല്ലായിരുന്നിട്ടും അവൻ്റെ നടത്തം എല്ലാം അറിയുന്നവരെപ്പോലെയായിരുന്നു. ഓട്ടോയിൽ നിന്നിറങ്ങുമ്പോൾ തന്നെ കടത്തിണ്ണയിൽ നിന്നും ആരൊക്കെയോ ഏന്തിയും വലിഞ്ഞും നോക്കുന്നുണ്ടായിരുന്നു. ഓട്ടോകൂലി കൊടുത്തു തിരിഞ്ഞു നടക്കാനൊരുങ്ങുമ്പോഴാണ് ഓട്ടോക്കാരൻ്റെ ചോദ്യം: "സാറെവിടുന്നാ, ഇവിടെ ആരെ കാണാനാ...?" "ഡോക്ടര്‍ ജോർജ് വർഗീസ്. ഇവിടെ എസ്റ്റേറ്റിലാണെന്നാ പറഞ്ഞത്." അതും പറഞ്ഞ് നടന്നു നീങ്ങുമ്പോൾ ഓട്ടോക്കാരൻ അത്ഭുതത്തോടെ നോക്കി നിന്നു. എസ്റ്റേറ്റിലേക്കുള്ള വഴി വിജനമായിരുന്നു. അടുത്തെങ്ങും ആളനക്കമില്ല. തൻ്റെ തോളിലെ ബാഗിൽ നിന്നും ഫോണെടുത്ത് സമയം നോക്കി. സമയം നാലു കഴിഞ്ഞു. ഇപ്പോൾ തന്നെ ഈ പ്രദേശമാകെ ഇരുൾ വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇനി ഡോക്ടറെ കണ്ട് മടങ്ങുമ്പോഴേക്കും ഇരുട്ടാവും. അയാൾ നടത്തത്തിനു വേഗത കൂട്ടി. അമേരിക്കയിൽ നിന്നും ജോർജ് നാട്ടിലേക്ക് വന്നത് എന്തിനെന്ന് ആർക്കും അറിയില്ല. എന്തോ ഒരു ലക്ഷ്യമുണ്ടെന്നാണ് ഹരിയോട് ഡോക്ടര്‍ പറഞ്ഞതത്രേ. നീണ്ടു കിടക്കുന്ന ഒറ്റയടിപ്പാതക്കിരുവശവും റബ്ബർ മരങ്ങൾ മാത്രം. കൊടും കാട്ടിലേക്കുള്ള വഴിയും ഇതു തന്നെയാവും. അകലെയെവിടെ നിന്നോ കുറുക്കൻ്റെ ഓരിയിടൽ കേൾക്കാം. പിന്നെ പേരറിയാത്ത ഏതൊക്കെയോ മൃഗങ്ങളുടെ ശബ്ദവും. അയാള്‍ ചുറ്റിനും നോക്കി. ഇവിടെ അടുത്തൊന്നും ഒരു വീടു പോലുമില്ല. ബാഗിലുള്ള കുപ്പി വെള്ളം ഇനി പകുതിയേ ഉള്ളൂ. അയാൾ അതും കുടിച്ചു. അല്പം വിശ്രമിക്കണമെന്നുണ്ട്. പക്ഷേ, ഇന്നു തന്നെ തിരിച്ചു പോകുന്നതോർത്ത് വിശ്രമത്തെ മാറ്റി നിറുത്തി അയാൾ വേഗം കൂട്ടി. ചെങ്കുത്തായ മലയുടെ മുകളിലേക്ക് ഒരു നടപ്പാത നീണ്ടു കിടക്കുന്നു. മറ്റൊന്നു മലയടിവാരത്തിലൂടെയുമാണ്. കിതപ്പ് വകവെക്കാതെ അയാൾ മലയടിവാരത്തിലൂടെ നടത്തം തുടർന്നു. കുറച്ചകലെ വള്ളിപ്പടർപ്പുകൾ പടർന്ന് കിടക്കുന്ന ബംഗ്ലാവ് കാണാനായി. മൂകമായ അന്തരീക്ഷം അയാളെ അലോസരപ്പെടുത്തി. ഡോക്ടര്‍ ഇവിടെയുണ്ടോ ആവോ... അയാള്‍ അവിടം ഒന്നു വീക്ഷിച്ചു. മുന്നിലെ വാതിലിനരികിൽ ഒരു നിഴല്‍ പ്രത്യക്ഷപ്പെട്ടു. തടിച്ചു കുറുകിയ ഒരാൾ. "ഡോക്ടർ ജോർജ് വർഗീസിനെ അന്വേഷിച്ച് വന്നതാ..." "ഓഹോ... ഇവിടെ അഞ്ചു പേരുണ്ട്. ഇതിൽ ആരെയാണ് നിങ്ങൾ അന്വേഷിക്കുന്നത്...?" "അമേരിക്കയിൽ നിന്നും വന്ന ഡോക്ടര്‍." "അവർ അഞ്ചു പേരും അമേരിക്കയിൽ നിന്നും വന്നവർ തന്നെ. അവരുടെ പേരും ഒന്നു തന്നെ." അതു കേട്ടതും അതിശയഭാവത്തിൽ അയാളെ നോക്കി. ഇനിയെന്തു ചെയ്യും...? ഹരിയെ വിളിച്ചു നോക്കാം. അയാൾ ബാഗിൽ നിന്നും ഫോണെടുത്ത് ഹരിയുടെ നമ്പറിലേക്കു ഡയൽ ചെയ്തു. "ഹലോ... ഹരി, ഞാനിവിടെ എത്തിയിട്ടുണ്ട്. പക്ഷേ, ഡോക്ടറെ തിരിച്ചറിയാൻ എന്തു മാർഗമാ ഉള്ളത്...?" "നീ വിഷമിക്കാതെ. ഡോക്ടറുടെ വലതു കൈയ്യില്‍ ആറു വിരലുകള്‍ ഉണ്ട്. ഇനി ഇടതു കൈപ്പത്തിക്കു താഴെ കറുത്ത മറുക്. " "ഓകെ." അടയാളം കിട്ടിയ ആശ്വാസത്തോടെ അയാൾ തുറന്നിട്ട വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ചു. ഡോക്ടറെ കണ്ടു പിടിച്ച് ഈ കവർ ഏൽപ്പിക്കുന്നതോടു കൂടി തൻ്റെ യാത്ര അവസാനിക്കും. ഇരുട്ടും മുമ്പ് പെട്ടെന്ന് തിരിച്ചു പോകണം. വലിയ ഹാളിൽ കറങ്ങുന്ന ഫാനിനു ചുവട്ടിൽ ഒരേ ഡ്രസിൽ ഒരേ ഭാവത്തോടെ ഇരിക്കുന്ന അഞ്ചു പേർ. അയാള്‍ അവരുടെ ഓരോരുത്തരുടെയും വലതു കൈ നോക്കി. അത്ഭുതം, എല്ലാവർക്കും ആറു വിരലുകള്‍. എല്ലാവർക്കും ഒരേ സ്ഥാനത്ത് മറുക്. ഒന്നും പറയാനാകാതെ അയാൾ നിശ്ചലം നിന്നു പോയി.

യാത്ര അവസാനിക്കുന്നിടം

Jumaila Karipur's avatar
Written by

@jumailakaripur

Comments (0)

No comments yet. Be the first to share your thoughts.