White Rose
സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ തിണ്ണയില്‍ കിടക്കുന്ന അയാളുടെ മുഖം അവ്യക്തമായി കണ്ടു. രാജധാനി എക്സ്പ്രസിന്‍റെ ചൂളം വിളി എങ്ങു നിന്നോ കേള്‍ക്കുന്നുണ്ട്. നിശബ്ദത മുറ്റിയ ഇരുട്ടിലേക്ക് ഇറങ്ങുമ്പോള്‍ തിണ്ണയില്‍ നിന്നും അയാളൊന്നു തലയുയര്‍ത്തി. ഉടനെ കൈയ്യിലുള്ള സ്യൂട്കെയ്സ് മുറുകെ പിടിച്ച് മതിലിനോട് ഓരം ചേര്‍ന്ന് നിന്നു. തിണ്ണയില്‍ നിന്നും യാചകന്‍റെ ചുമ മതിലില്‍ തട്ടി പ്രകമ്പനം കൊണ്ടു. ശ്വാസമടക്കിപ്പിടിച്ച് എത്തി നോക്കിയപ്പോള്‍ അയാള്‍ ചുമച്ചു കൊണ്ട് ചാരി ഇരിക്കുകയാണ്. "അമ്മിണ്യേ..., അവന്‍ വര്വോ..." ചോദിച്ചതും അയാള്‍ വീണ്ടും ചുമച്ചു. അപ്പോഴാണ് അയാള്‍ക്കപ്പുറത്ത് ഒരു നിഴല്‍ അനങ്ങിയത്. നിരങ്ങിയും മൂളിയും അത് അസ്വസ്ഥത പ്രകടിപ്പിച്ചു. ഇരുവരും ഉണര്‍ന്നാല്‍ മിക്കവാറും തന്നെ കാണും. അഖിലുമായുള്ള സന്ദര്‍ശനം നടക്കാതെ പോകും. ഈ സ്യൂട്കെയ്സ് അവനെ ഏല്‍പ്പിച്ചാല്‍ തന്‍റെ ജോലി തീര്‍ന്നു. അതിന് ബോസ് നല്‍കുന്ന പ്രതിഫലം എന്താണാവോ... ചിന്തയില്‍ നിന്നും ഉണര്‍ന്ന അവന്‍ ചുറ്റും നോക്കി സുരക്ഷിതത്വം തേടി. തിണ്ണയില്‍ അയാളുടെ അനക്കമൊന്നും പിന്നെ കണ്ടില്ല. കിടന്നെന്നു തോന്നുന്നു. അപരിചിതമായ പാതയിലൂടെ ബോസ് നിര്‍ദേശിച്ച പ്രകാരം അവന്‍ അഖിലിന്‍റെ താവളത്തിലെത്തി. ഫോണ്‍ ചെയ്ത് കോഡ് നമ്പര്‍ പറഞ്ഞു. ഉടനെ അഖിലിന്‍റെ സഹായി വരികയും സ്യൂട്കെയ്സ് വാങ്ങി അകത്തേക്കു കയറുകയും ചെയ്തു. ഒരു നിശ്വാസത്തോടെ അവന്‍ തിരിച്ചിറങ്ങി. അര കിലോമീറ്റര്‍ അപ്പുറമാണ് സെന്‍റ് പീറ്റേഴ്സ് ചര്‍ച്ച്. അതിനടുത്ത സെമിത്തേരിയായിരുന്നു അവന്‍റെ അടുത്ത ലക്ഷ്യം. റോഡിനെതിര്‍വശത്തേക്ക് പോകണമെങ്കില്‍ നേരത്തെ കണ്ട കടയുടെ അരികിലുള്ള വഴിയാണുള്ളത്. അപ്പോഴും ആ രണ്ടു പേരവിടെ ചുമച്ചും സംസാരിച്ചും രാത്രിയെ വെളുപ്പിക്കാന്‍ കാത്തിരിക്കുന്നു. ചീവീടുകളുടെ ശബ്ദം സുപരിചിതമാണെങ്കിലും ഇന്നതിന് വല്ലാത്ത ഹുങ്കാരം. കടത്തിണ്ണയില്‍ ഇപ്പോള്‍ ഒരാളുടെ നിഴല്‍ മാത്രമേ കാണുന്നുള്ളൂ. അയാളെവിടെപ്പോയോ ആവോ. നോക്കി നില്‍ക്കേ റോഡിലൂടെ ഒരു നിഴല്‍ തിണ്ണയിലേക്ക് അരിച്ചു കയറി. പിന്നെ ചുമച്ചു. ചുമയുടെ അവസാനം അയാള്‍ തേങ്ങിയോ...? "അമ്മിണ്യേ..., നാളെയവന്‍റെ പിറന്നാളല്ലിയോ...?" തികച്ചും നിശബ്ദത. വീണ്ടും അയാളെന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ശേഷം അമ്മിണിയേയും കൂട്ടി ഇരുട്ടിലൂടെ നടന്നു. അവര്‍ നടന്നു നീങ്ങിയതിനു ശേഷം അവനും പതിയെ നടന്നു. സെമിത്തേരിയിലേക്ക് കടക്കണമെങ്കില്‍ മതില്‍ചാടി കടക്കണം. ശബ്ദമുണ്ടാക്കാതെ കൈയ്യിലുള്ള വൈറ്റ് റോസ് മതിലില്‍ വെച്ച് അപ്പുറം ചാടി. ഒരു നിമിഷം അവന്‍ അമ്പരന്നു.!അതാ, അവിടെ ഒരനക്കം... ആരോ സെമിത്തേരിയിലെത്തിയിട്ടുണ്ട്. ഈ അസമയത്ത് ആരായിരിക്കുമത്...? അവന്‍ കുനിഞ്ഞ് കുറച്ച് മുന്നിലേക്കെത്തി. "കൊച്ചേ, നാളെയവന്‍റെ പിറന്നാളാ. നേരം പുലര്‍ന്നാല്‍ ഞങ്ങള്‍ക്ക് വരാന്‍ പറ്റുകേല. അവന്‍ പോയിട്ട് വര്‍ഷം രണ്ടായി. അവന്‍ വന്നാല്‍ ഞങ്ങള്‍ ആദ്യം നിന്‍റടുത്തേക്കാ കൊണ്ടു വരിക. ലൈസക്കൊച്ചിനെ അവനൊത്തിരി ഇഷ്ടായിരുന്നല്ലോ. അവന്‍ വരും മുമ്പേ ആ കാലമാടന്‍ നിന്നെ കൊന്നില്ലേ... ഈ രാമന്‍കുട്ടി കണ്ടതാ. നിന്നെ വണ്ടിയിലിട്ട് കിഴക്കേ കുളത്തിനടുത്ത ആ പഴയ കെട്ടിടത്തിലേക്ക്. അവനിപ്പഴും അവിടെയാ. കുറുനരിയാ. പക്ഷേ, രാമന്‍കുട്ടി പറഞ്ഞതാരും വിശ്വസിക്കത്തില്ല. എനിക്ക് ഭ്രാന്തല്ലേ..." അവനെല്ലാം കേട്ട് തരിച്ചു നിന്നു. കണ്ടതും കേട്ടതും വിശ്വസിക്കാനാവുന്നില്ല. ങേ! ഇത്... ഇത്... മമ്മയും പപ്പയും... എന്‍റെ ലൈസ ആത്മഹത്യ ചെയ്തതല്ലെന്നോ, ആരാണവളെ കൊന്നത്... കിഴക്കേ കുളത്തിനടുത്ത പഴയ കെട്ടിടം... അതെ... അവന്‍ തന്നെ... അഖില്‍... ലൈസയില്‍ നിന്ന് അകറ്റാനാണോ അവനെന്നെ സംഘത്തില്‍ ചേര്‍ത്തത്... പണത്തിന്‍റെ കുത്തൊഴുക്കില്‍ സ്വന്തത്തെയെല്ലാം മറന്ന് തീവണ്ടി കയറിയപ്പോള്‍ ഓര്‍ത്തില്ല ഇതൊരു നാടകമായിരുന്നെന്ന്. ഇന്ന് പുലരുംമുമ്പേ അഖിലിന്‍റെ അടുത്തെത്തണം. എന്‍റെ ലൈസക്കായി അവനെ ഞാന്‍ വകവരുത്തും. എന്നിട്ടേ മമ്മയുടെയും പപ്പയുടേയും കാണൂ. വൈറ്റ് റോസും അവിടെ വെച്ച് അവന്‍ തിരിഞ്ഞു നടന്നു.
White Rose
Comments (0)
Login to leave a comment.
No comments yet. Be the first to share your thoughts.