StoryShort Storymalayalam

വായനയുടെ തേരിലേറി


0 views
August 31, 2026
3 paragraphs

സ്ക്രീനില്‍ മിന്നിമറിയുന്ന ചിത്രങ്ങളില്‍ തറഞ്ഞിരിക്കുകയാണു മിഴികളെങ്കിലും മനസ്സെവിടെയോ അലക്ഷ്യമായി കറങ്ങിത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ്. ചിന്തകളുടെ മേല്‍ക്കൂരയില്‍ തൂങ്ങിയാടുന്ന ചോദ്യങ്ങള്‍ തന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അവനു തോന്നി. പുറത്ത് കാറിന്‍റെ ശബ്ദം കേട്ടെങ്കിലും സ്ക്രീനിലേക്കും നോക്കി അനങ്ങാതെയുള്ള ഇരിപ്പ് തുടര്‍ന്നു. "അനൂ, അച്ഛന്‍ വന്നതു കണ്ടില്ലേ...?" -അമ്മ ദേവകിയുടെ ചോദ്യം കേട്ട് അവനൊന്നു തലയുയര്‍ത്തി. പിന്നെ തന്‍റെ ചലനമറ്റ കാലുകളെ അവന്‍ നിസ്സഹായതയോടെ നോക്കി. വേലിയില്‍ കെട്ടിപ്പിണഞ്ഞു കിടക്കുന്ന മുള്‍പ്പടര്‍പ്പുകള്‍ പോലെ വൈഷ്ണവിന്‍റെ വാക്കുകള്‍ വീണ്ടും സ്വസ്ഥത കെടുത്തുന്നു. "അനു, നിന്‍റെ എല്ലുകള്‍ക്ക് ഇനി പഴയതുപോലെ ശക്തി കിട്ടുകയില്ലത്രെ, ഫുട്ബോള്‍ എന്ന നിന്‍റെ സ്വപ്നം..." -വാക്കുകള്‍ മുഴുമിക്കാതെ വൈഷ്ണവ് പുറംതിരിഞ്ഞു നിന്നു. ഈറനണിഞ്ഞ കണ്ണുകള്‍ അനുവില്‍ നിന്നും മറച്ചുപിടിക്കുകയായിരുന്നു അവന്‍. പിന്നെയും എന്തൊക്കെയോ അവന്‍ പറഞ്ഞിരുന്നല്ലോ... പക്ഷേ താനതൊന്നും കേട്ടതേയില്ല. നിസ്സഹായതയുടെ മൂടുപടത്തിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നു. വൈഷ്ണവ് എന്നും വരും; ഫുട്ബോള്‍ വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാന്‍. എല്ലാം കേട്ടിരിക്കും, ചിലപ്പോള്‍ സഹിക്കാന്‍ കഴിയാതെ വിതുമ്പിക്കരയും. അന്നത്തെ ആക്സിഡന്‍റ് തന്‍റെ ജീവിതത്തെയാകെ മാറ്റി മറിച്ചിരിക്കുന്നു. തന്‍റെ സ്വപ്നങ്ങളെല്ലാം കാറ്റില്‍ പറന്നിരിക്കുന്നു... കലാലയ ജീവിതം പോലും ഓര്‍മകളായി അവശേഷിക്കുമോ... ഇനിയെന്ത്...? അവന്‍ കണ്ണുകള്‍ ഇറുകെച്ചിമ്മി. വാതില്‍ക്കല്‍ നിന്നും ചന്ദ്രശേഖരന്‍ മകന്‍റെ മുറിയിലേക്ക് എത്തിനോക്കി. മൊബൈലില്‍ ഏതോ വീഡിയോ ഓടിക്കൊണ്ടിരിക്കുന്നു. അവന്‍ ഉറങ്ങുകയാണോ, അതോ കണ്ണടച്ചു കിടക്കുകയോ...? അദ്ദേഹം പതിയെ അരികിലെത്തി വിളിച്ചു: "അനൂ..." തുറന്നു വന്ന കണ്ണുകളില്‍ പുറത്തേക്കു ചാടാന്‍ വെമ്പിയ മിഴിനീര്‍ത്തുള്ളികളെ അച്ഛന്‍ കണ്ടിരുന്നെങ്കിലും അദ്ദേഹം പുഞ്ചിരിയോടെ മകനെ ചേര്‍ത്തു പിടിച്ച് പറഞ്ഞു: "ദേ, ഞാന്‍ നിനക്കൊരു സമ്മാനവുമായാ വന്നത്... നിനക്കു കാണണ്ടേ...?" സമ്മാനമെന്നു കേട്ടപ്പോഴും നിര്‍വികാരനായി അച്ഛനെ നോക്കിയതല്ലാതെ അവനൊന്നും പ്രതികരിച്ചില്ല. തടിച്ച കവര്‍ തുറന്ന് അച്ഛന്‍ ആ സമ്മാനം പുറത്തെടുത്തു. വിക്ടര്‍ ഹ്യൂഗോയുടെ 'പാവങ്ങള്‍', കെ. ആര്‍ മീരയുടെ 'ആരാച്ചാര്‍', ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുടെയെല്ലാം പുസ്തകങ്ങള്‍ അവനെ നോക്കി ചിരിച്ചു. "ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത അറിയോ അനൂന്...?" ആലോചിച്ചെങ്കിലും അവനു പിടികിട്ടിയില്ല. ചോദ്യഭാവത്തില്‍ അവന്‍ അച്ഛനെ നോക്കി. അദ്ദേഹം പറഞ്ഞു: "ഇന്ന് വായന ദിനം. ഈ സാഹിത്യകാരന്മാരെയൊക്കെ വായിക്കൂ." അനു വിസ്മയത്തോടെ അച്ഛനെ നോക്കി. ശേഷം വിക്ടര്‍ യൂഗോയുടെ പുസ്തകം കൈയ്യിലെടുത്തു. താളുകള്‍ മറിച്ച് അവന്‍ സഞ്ചാരം തുടങ്ങി. വായനയുടെ ലോകത്തേക്ക് അവന്‍ നടന്നു കയറി. മടുപ്പ് അടിഞ്ഞുകൂടിയ അവനില്‍ മാറ്റങ്ങള്‍ കാണപ്പെട്ടു. "വൈഷ്ണവ്, നോക്കൂ... ഈ പുസ്തകങ്ങള്‍ എനിക്ക് സന്തോഷം തരുന്നുണ്ട് കേട്ടോ. വിക്ടര്‍ ഹ്യൂഗോയുടെ പ്രധാന കഥാപാത്രം യാങ്‌ വാല്‍ യാങിന്‍റെ ക്യാരക്ടര്‍ വളരെ പ്രത്യേകത നിറഞ്ഞതാണ്. ശരിക്കും അയാള്‍ ഒരുപാട് ജീവിതങ്ങള്‍ ജീവിച്ചു തീര്‍ക്കുന്നുണ്ടിതില്‍. അതുപോലെ ബിഷപ്പിന്‍റെ കാര്യവും എടുത്തുപറയേണ്ടതാണ്. വല്ലാത്തൊരു ഫീലിംഗ്സ് അനുഭവിക്കാനാവുന്നുണ്ട്." ആശ്ചര്യത്തോടെ അനുവിനെ നോക്കി നില്‍ക്കുകയാണു വൈഷ്ണവ്. ഒരുപാടു നാളുകള്‍ക്കുശേഷം അനുവിന്‍റെ മുഖത്ത് നിറഞ്ഞ പുഞ്ചിരി കാണുകയാണവന്‍.

അച്ഛനും പിന്നെ, വൈഷ്ണവും അനുവിന് വേണ്ടുന്ന പുസ്തകങ്ങള്‍ എത്തിച്ചു കൊടുത്തു. ഓരോ പുസ്തകങ്ങളിലൂടെയും അവന്‍ പുതിയ പുതിയ ജീവിതങ്ങള്‍ കണ്ടെത്തി. ഇന്നവന്‍ വായനദിനവുമായി ബന്ധപ്പെട്ട് തിരക്കിലാണ്. ചാനലുകാര്‍ അവനുമായുള്ള അഭിമുഖത്തിന് കാത്തിരിക്കുന്നുണ്ട്. ഭക്ഷണവും കഴിച്ച് അവന്‍ തന്‍റെ വീല്‍ചെയര്‍ ഉരുട്ടി പുറത്തേക്കു കടന്നു.

(ശുഭം)

വായനയുടെ തേരിലേറി

Jumaila Karipur's avatar
Written by

@jumailakaripur

Comments (0)

No comments yet. Be the first to share your thoughts.