StoryShort Storymalayalam

തിരിച്ചറിവ്


1 views
August 31, 2026
21 paragraphs

"അല്ല മനുഷ്യാ...? ഇങ്ങളെന്നാ തിരിച്ചു പോണേ...? വീടിന്റെ ലോൺ ന്റെ കാര്യൊന്നും മറക്കണ്ടാട്ടോ..."

ഞാനൊന്ന് നാട്ടിൽ കുറച് നിക്കട്ടെടി കുൽസോ എന്നും പറഞ്ഞു ഖാദർക്ക പത്രവായന ആരംഭിച്ചു. എന്നാൽ അതിൽ പൂർണശ്രദ്ധ കൊടുക്കാൻ അയാൾക്ക് സാധിച്ചില്ല. നാട്ടിൽ വന്നത് മുതലുള്ള ഭാര്യയുടെയും മക്കളുടെയും പെരുമാറ്റം അയാളെ പിടിച്ചുലക്കുന്നുണ്ടായിരുന്നു. നാട്ടിലുള്ള സുഹൃത്തുക്കളൊക്കെ കുറെ കാലമായിട്ട് പറയുന്നുണ്ടായിരുന്നു തന്റെ ഭാര്യയുടെ ധൂർത്. എന്നാൽ ഞാൻ സമ്പാദിക്കുന്നതെല്ലാം അവർക്ക് തന്നെയല്ലേ എന്ന് മറുപടി പറയുമ്പോഴും തനിക്ക് അവരുടെ സ്നേഹത്തിൽ ഒരു തുള്ളി പോലും കളങ്കം ഉള്ളതായി തോന്നിയില്ല.കൂട്ടുകാർക്ക് തോന്നുന്നതാവാം എന്ന് കരുതി സമാധാനിച്ചുവെങ്കിലും

തന്റെ ഭാര്യ ഇപ്പോൾ തന്നെക്കാൾ പണത്തിനെ സ്നേഹിക്കുന്നുവോ എന്ന ചിന്ത അവളുടെ പ്രവർത്തിയിൽ അയാൾക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കാൻ, സന്തോഷിക്കാൻ,എല്ലാം മറന്നൊന്ന് ചിരിക്കാൻ ഒത്തിരി ആഗ്രഹിച്ചു കടൽ കടന്നുവന്ന കാദർക്കക്ക് അയാൾ പ്രതീക്ഷിച്ചതൊന്നും കിട്ടിയിരുന്നില്ല. തികച്ചും അവഗണന മാത്രം. രണ്ടുമാസത്തെ ലീവ് കഴിഞ്ഞ് കുടുംബത്തിന്റെ പ്രാരാബ്ദം പേറി വീണ്ടും കടൽ കടക്കുമ്പോൾ നിറയെ പ്രതീക്ഷകൾ ആയിരുന്നു. ഈ പോക്കിൽ വീടിന്റെ ലോൺ തീർക്കണം. ബാധ്യതകൾ ഒക്കെ കഴിഞ്ഞു കുൽസുന്റെ കൂടെ സന്തോഷത്തോടെ ശിഷ്ടകാലം ജീവിക്കണം. എന്തൊക്കെയോ ആലോചിച്ചു റൂമിലെത്തി. രണ്ടുദിവസത്തിനുശേഷം ജോലിക്ക് ഇറങ്ങി പതിവുപോലെ തിരിച്ചു വരുന്ന വഴി പെട്ടെന്ന് ഉണ്ടായ ഒരു വാഹന അപകടത്തിൽ ഖാദർക്കയുടെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കണ്ണ് തുറന്ന കാദർക്ക ഒരു ഹോസ്പിറ്റൽ റൂമിലായിരുന്നു. അപകട സമയത്ത് അടുത്തുണ്ടായിരുന്ന ചില സുമനസ്സുകളുടെ കാരുണ്യം കൊണ്ടും പടച്ചോന്റെ വലിയ അനുഗ്രഹം കൊണ്ടും ജീവൻ തിരിച്ച് കിട്ടിയിരിക്കുന്നു. എന്നാൽ ഇനി ഒരിക്കലും പ്രവർത്തിക്കാനാവാത്ത വിധം തന്റെ രണ്ട് കാലുകളും തനിക്ക് നഷ്ടമായിരിക്കുന്നു.എന്റെ മക്കൾക്ക് ആരാണ് റബ്ബേ... ഡോക്ടർ പൂർണമായും വിശ്രമം പറഞ്ഞിരിക്കുന്നു. ഉടനെ നാട്ടിലേക്ക് തിരിക്കേണ്ടിവരും. കയ്യിലുള്ള കുറഞ്ഞ സമ്പാദ്യവുമായി നാട്ടിൽ പോകാനുള്ള പേപ്പേഴ്സ് ഒക്കെ ശരിയാക്കി.

ഒരാഴ്ചക്ക് ശേഷം,

അടുക്കളയിൽ തകൃതിയിൽ പണിയെടുത്തു കൊണ്ടിരിക്കുകയായിരുന്ന കുൽസു കോളിംഗ് ബെൽ കേട്ട് ഓടിച്ചെന്ന് വാതിൽ തുറന്നു നോക്കിയപ്പോൾ കാണുന്നത് മറ്റൊരാളുടെ സഹായത്തോടുകൂടി വീൽചെയറിൽ ഇരിക്കുന്ന തന്റെ പ്രിയതമനെ !

ഏതൊരു ഭാര്യയുടെയും പോലെ മനസ്സ് വിറങ്ങലിച്ച കുൽസു പൊട്ടിക്കരഞ്ഞുകൊണ്ട് അദ്ദേഹത്തെ വീട്ടിനകത്തേക്ക് കയറ്റി. ഭർത്താവിന്റെ അവസ്ഥയിൽ സങ്കടം ഉണ്ടെങ്കിലും ഇനി എന്ത് എന്നുള്ള ചിന്ത അവളെ വല്ലാതെ അലട്ടി.

മക്കൾ രണ്ടാളും കോളേജിൽ പോയതാണ് അറിഞ്ഞിട്ടില്ല അവരൊന്നും. കുൽസു അധികം ഒന്നും സംസാരിച്ചില്ല,ഞാനും . എന്താണ് സംഭവിച്ചത് എന്നതിന് ആക്സിഡന്റ് ആണെന്നും ഇനി ഒരിക്കലും തനിക്ക് നടക്കാൻ കഴിയില്ല എന്നതിലും ഞാൻ സംസാരം ഒതുക്കി. അല്ലെങ്കിലും സംസാരിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ആരും ആഗ്രഹിച്ച രൂപത്തിലുള്ള തിരിച്ചു വരവായിരുന്നില്ലല്ലോ ഇത് . അപ്പോഴാണ് ഉമ്മാ എന്ന് വിളിച്ചുകൊണ്ട് എന്റെ മകൻ റഈസ് കയറി വന്നത് . ഞാനൊരു വാതിലിന്റെ മറവിൽ ആയതുകൊണ്ട് ആരും ഒറ്റനോട്ടത്തിൽ എന്നെ കാണില്ലായിരുന്നു. ഞാൻ ചിരിച്ചുകൊണ്ട് അവന്റെ സംസാരം കാതോർത്തു.

" ഉമ്മാ, ഉപ്പാനോട് പറഞ്ഞ് എനിക്ക് എത്രയും പെട്ടെന്ന് ഒരു ലാപ്ടോപ്പ് വാങ്ങിത്തരണം. കുൽസു എന്ത് മറുപടി പറയുമെന്ന് അറിയാതെ ഒന്ന് പതറി.ശേഷം

" മോനേ ഇനി അതൊന്നും വാങ്ങിത്തരാൻ ഉപ്പാനെ കൊണ്ടാവില്ല. "

പതിയെ പതിയെ കാദർക്കാന്റെ മുഖത്ത് നിന്ന് പുഞ്ചിരി മാറി അവിടെ ഒരു കണ്ണീർ സാഗരം നിഴലിക്കാൻ തുടങ്ങി. അതിനേക്കാൾ മകന്റെ പെരുമാറ്റം ശ്രദ്ധിക്കുകയായിരുന്നു അയാൾ . അവൻ കുൽസു പറഞ്ഞു മുഴുവനാക്കും മുമ്പ് പറഞ്ഞു തുടങ്ങി.

" അതെന്താ വാങ്ങി തന്നാൽ ഇതൊക്കെ എല്ലാ മാതാപിതാക്കളുടെയും കടമയാണ്. മക്കളോട് സ്നേഹമുള്ള ഒരു ഉപ്പയും വാങ്ങി തരാതിരിക്കില്ല. എനിക്കെന്തായാലും കിട്ടണം അതിപ്പോ കടം വാങ്ങിയാണെങ്കിലും ഉപ്പ വാങ്ങി തന്നേ പറ്റൂ.

മക്കളുടെ ആവശ്യങ്ങൾ നിറവേറ്റാത്തഉപ്പയൊക്കെ..... എന്ന അവന്റെ വാക്കുകൾ മുഴുവൻ ആക്കുന്നതിന് മുമ്പ് 'ടേ' എന്ന വലിയൊരു ശബ്ദത്തോടെ അവന്റെ കരണം പുകഞ്ഞിരുന്നു. എല്ലാവരും ഞെട്ടി നോക്കിയപ്പോൾ അത് എന്റെ മകൾ ഫാത്തിമ കോളേജ് കഴിഞ്ഞു വന്നതായിരുന്നു.അവളുടെ കണ്ണിലെ കോപം അവനെ ചുട്ടെരിക്കാൻ മാത്രം ഉണ്ടായിരുന്നു.അവൾ തുടർന്നു.

" നാണം ഇല്ലല്ലോടാ ഇത്രയും നന്ദികേട് കാണിക്കാൻ ഒന്നുമില്ലെങ്കിലും ഇത്ര പ്രായമായില്ലേ.... ഇനിയെങ്കിലും ഉപ്പയെ ബുദ്ധിമുട്ടിക്കാതെ നിന്റെ ആവശ്യങ്ങൾ നീ നിറവേറ്റാൻ നോക്ക്. കടമയാണ് പോലും, നമ്മുടെ ഉപ്പ കുടുംബവും കൂട്ടുകാരെയും വിട്ട് പോയി അധ്വാനിക്കുന്നത് ആഗ്രഹം ഉണ്ടായിട്ടൊന്നും അല്ല. നമ്മളെ നല്ല രീതിയിൽ വളർത്താനാണ്. അത് നല്ല ഭംഗിയായി നിറവേറ്റിട്ടുമുണ്ട്. ചോദിച്ച ഒരു കാര്യത്തിലും മറുവാക്ക് പറഞ്ഞ് നമ്മളെ രണ്ടുപേരെയും വിഷമിപ്പിച്ചിട്ടും ഇല്ല.. എന്നിട്ട് ആ മനുഷ്യനെ ആണല്ലോ നീ ഈ പറയുന്നത്"

എന്ന് പറഞ്ഞു തിരിഞ്ഞപ്പോഴാണ് രണ്ടുപേരും എന്നെ കണ്ടത്. എനിക്ക് അവരെ നോക്കാൻ കഴിയില്ലായിരുന്നു.അവരുടെ ഉപ്പാക്ക് ഇനി അവരുടെ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാൻ, അധ്വാനിക്കാൻ രണ്ട് കാലുകളും ഇന്നില്ല എന്ന് ഞാൻ എങ്ങനെ അവരോട് പറയും.എന്നാൽ അതൊന്നും ശ്രദ്ധിക്കുക പോലും ചെയ്യാതെ ഒരു പുച്ഛത്തോടെ എന്റെ മകൻ പുറത്തേക്കിറങ്ങി പോയി. നെഞ്ചിൽ തീ എടുത്തുവെച്ച പ്രതീതി ആയിരുന്നു എനിക്ക്. അതിൽ വെള്ളം കോരി ഒഴിക്കാൻ എന്നോണം എന്റെ മകൾ എന്നെ വന്ന് കെട്ടിപ്പിടിച്ചു. സംസാരിക്കാൻ രണ്ടുപേർക്കും കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. "ഉപ്പാ അവൻ പറഞ്ഞത് കാര്യമാക്കണ്ട അവൻ ഇങ്ങനെ ഇടക്കൊക്കെ ഒരു മണ്ടത്തരം പറയുന്നത് ആണ് "

ഞാൻ എല്ലാം കേട്ടിട്ടുണ്ടാവണം എന്ന പ്രതീക്ഷയിൽ അവൾ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചുകൊണ്ട് റൂമിലേക്കു പോയി.

പുറത്തേക്കിറങ്ങിയ റഈസ് നേരെ പോയത് ഉറ്റ സുഹൃത്ത് നാസിമിന്റെ അടുത്തേക്കായിരുന്നു. എന്റെ മുഖത്തെ ദേഷ്യം കണ്ടിട്ടാവാം അവനെന്നെ കൂട്ടി ഒരു ചായ കുടിക്കാനിറങ്ങി. ഏകദേശം കാര്യങ്ങളൊക്കെ മയമായി എന്നുറപ്പ് വരുത്തിയ ശേഷം അവനെന്നോട് എന്താണ് സംഭവമെന്ന് പറയാനാവശ്യപ്പെട്ടു.ഞാൻ വീട്ടിൽ നടന്ന സംഭവം വിവരിച്ചപ്പോൾ അവന്റെ കണ്ണ് നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.ശേഷം അവനെന്നോട് പറഞ്ഞു. "നിന്റെ എല്ലാ അവസ്ഥയിലും ഞാൻ കൂടെ നിന്നിട്ടുണ്ട്. എന്നാൽ ഇത് കുറച് കടന്ന് പോയി. നിനക്ക് വേണ്ടി രാപ്പകലില്ലാതെ ആ മനുഷ്യൻ കഷ്ടപ്പെട്ടിട്ട് നീയെന്താണ് തിരിച്ചു കൊടുത്തത്? ആ മനുഷ്യന്റെ മനസ്സ് വേദനിപ്പിച്ചതിന് നീ മാപ്പ് പറഞ്ഞെ മതിയാവൂ റഈസ്."

ശെരിയാണ്. അല്ലാഹ് ഞാനെന്തൊരു പാപിയാണ്. ഇത്രയും കാലം ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ആ മനുഷ്യന് താങ്ങാവേണ്ട സമയത്ത് ഒരു തരി പോലും സഹതാപം തോന്നാത്ത ഞാനെന്തൊരു ക്രൂരനായ മകനാണ് റബ്ബേ... ചെയ്ത് പോയതിനൊക്കെ ഉപ്പാനോട് മാപ്പ് പറയണം. ഇനിയങ്ങോട്ട് ഉപ്പാനെ പൊന്ന് പോലെ നോക്കണം. എന്തൊക്കെയോ ആലോചിച്ചു വീട്ടിലെത്തിയതും വീടിന് മുന്നിലൊരു ആൾക്കൂട്ടം. എന്തിനെന്നറിയാത്ത ഒരു പേടി എന്നിൽ നിറയുന്നത് ഞാൻ അറിഞ്ഞു.വീടിന് അകത്തേക്ക് ഓടിയടുത്തപ്പോൾ ഉമ്മാന്റെയും പെങ്ങളുടെയും നിലവിളി കേൾക്കുന്നുണ്ടായിരുന്നു

അല്ലാഹ്! ന്റെ ഉപ്പ, മാപ്പ് പറയാൻ ഈ മകൻ വന്നപ്പോഴേക്കും കേൾക്കാൻ നിക്കാതെ റബ്ബിലേക്ക് യാത്രയായിരിക്കുന്നു. ഉപ്പാ....

എന്തൊക്കെയോ പ്രാന്തനെ പോലെ പുലമ്പി അവൻ ഉപ്പാന്റെ കാൽ കെട്ടിപ്പിടിച് കരയുകയായിരുന്നു

ചില കാര്യങ്ങളൊക്കെ അങ്ങനെയാണ്. തിരിച്ചറിവെത്തുമ്പോഴേക്ക് ഇനിയൊരിക്കലും എത്തിപ്പിടിക്കാനാവാത്ത വിധത്തിൽ നഷ്ടപ്പെട്ടിട്ടുണ്ടാവും. ചെയ്ത് പോയ തെറ്റിന്റെ ആഴം മനസ്സിലാക്കി കുറ്റബോധത്താൽ ജീവിതാവസാനം വരെ നീറി നീറി കഴിയേണ്ട ചിലത്. ഈ ചെറിയ ജീവിത യാത്രയിൽ ഒരു മാതാപിതാക്കളും തന്റെ മക്കളാൽ വേദനിക്കപ്പെടാതിരിക്കട്ടെ... വേദനിപ്പിക്കാൻ ഒരു മക്കൾക്കും തോന്നാതിരിക്കട്ടെ.

തിരിച്ചറിവ്

തിരിച്ചറിവ്

Hiba Raheem's avatar
Written by

@iba

Comments (0)

No comments yet. Be the first to share your thoughts.