StoryShort Storymalayalam

ചില പോറലുകള്‍


1 views
August 31, 2026
1 paragraphs

ബസില്‍ കയറിയതു മുതലേ ആ കുഞ്ഞ് അവളെ മാത്രമായിരുന്നു ശ്രദ്ധിച്ചു കൊണ്ടിരുന്നത്. അവള്‍ കണ്ടതേയില്ല. ചെവിയില്‍ തിരുകിയ ഇയര്‍ ഫോണിലൂടെ ഇഷ്ടപ്പെട്ട സോങ് ആസ്വദിച്ചു കൊണ്ടിരിക്കുകയാണവള്‍. ഇടയ്ക്ക് പുറത്തേക്കു കണ്ണുകള്‍ പോകുന്നുണ്ടെങ്കിലും അടുത്തിരിക്കുന്ന കുഞ്ഞിന്‍റെ ആകാംക്ഷ മുറ്റിയ മുഖത്തേക്കോ ആ കുഞ്ഞിനെ നോക്കി ഒന്നു ചിരിക്കാനോ അവള്‍ മിനക്കെട്ടില്ല. കുഞ്ഞ് അവളെ നോക്കി ചിരിക്കാന്‍ ശ്രമിക്കുന്നതൊക്കെ മറ്റൊരാള്‍ കണ്ടിരുന്നു. കോട്ടക്കല്‍ സ്റ്റാന്‍ഡിലെത്തിയപ്പോള്‍ തിരക്ക് അല്പം കൂടുതലായി. കുഞ്ഞിനെ ഒന്നൂടെ തന്നിലേക്കടുപ്പിച്ച് ആ ഉമ്മ നെടുവീര്‍പ്പയച്ചു. "ടിക്കറ്റ്... ടിക്കറ്റ്..." കണ്ടക്ടറുടെ ചിലമ്പിച്ച ശബ്ദം കേട്ട് അവര്‍ തന്‍റെ പഴ്സില്‍ നിന്നും രൂപായെടുത്തു നീട്ടി. "തിരൂര്‍.." കണ്ടക്ടര്‍ വെച്ചു നീട്ടിയ ടിക്കറ്റിനായി കൈ നീട്ടിയതും ബസ് സഡന്‍ ബ്രേക്കിട്ടതും ഒരുമിച്ചായിരുന്നു. മടിയിലിരുന്ന കുഞ്ഞ് അരികിലിരുന്ന അവളിലേക്ക് ചാഞ്ഞതും അമ്പരപ്പില്‍ അവളില്‍ നിന്നും ഹെഡ്സെറ്റ് താഴേക്കു ചാടി. കുഞ്ഞ് കരച്ചില്‍ തുടങ്ങി. അവള്‍ അരിശത്തോടെ അവരെ നോക്കി. "സോറി... പെട്ടെന്ന് ബ്രേക്കിട്ടപ്പോ..." - കുറ്റം ചെയ്തപോല്‍ അവര്‍ ക്ഷമാപണം നടത്തി. അവരുടെ മുഖത്തെ ദൈന്യത അവള്‍ കണ്ടില്ല. എങ്കിലും അവളൊന്നും പറയാത്തതിനാല്‍ അവര്‍ ആശ്വാസം പൂണ്ടു. കുഞ്ഞ് കരച്ചില്‍ തുടര്‍ന്നു. "മഞ്ജൂ... ദേ, രണ്ട് സ്റ്റോപ്പു കൂടെയുണ്ട്." അവളെ നോക്കി പിറകിലെ സീറ്റില്‍ നിന്നും ഒരു പെണ്‍സ്വരം ഉയര്‍ന്നു. അവള്‍ തല കുലുക്കി. കുഞ്ഞ് ഭീതിയോടെ അവളെ നോക്കി കരയുകയാണ്. കുഞ്ഞിന്‍റെ കരച്ചില്‍ അസഹനീയമാണെന്ന് അവളുടെ മുഖം കണ്ടാല്‍ അറിയാം. അവള്‍ കുഞ്ഞിനെ തറപ്പിച്ചു നോക്കി. കരച്ചിലിനൊടുവില്‍ കുഞ്ഞിന്‍റെ കാലില്‍ നിന്നും ഉറ്റിവീഴുന്ന രക്തത്തുള്ളികളെ ഒരാളൊഴികെ മറ്റാരും കണ്ടിരുന്നില്ല. അയാള്‍ കുഞ്ഞിനെയും അവളെയും മാറി മാറി വീക്ഷിച്ചു. അടുത്ത സ്റ്റോപ്പിലെത്തിയതോടെ അധിക പേരും ഇറങ്ങിയിരുന്നു. സീറ്റുകള്‍ അങ്ങിങ്ങ് ഒഴിഞ്ഞു കിടപ്പുണ്ട്. ഡ്രസ്സില്‍ രക്തത്തുള്ളികള്‍ പകര്‍ന്ന് നനവ് അനുഭവപ്പെട്ടപ്പോഴാണ് ആ ഉമ്മ ഞെട്ടിത്തരിച്ചത്. പൊടുന്നനെ അവര്‍ കുഞ്ഞിനെ പരിശോധിച്ചു. കുഞ്ഞിളം കാലില്‍ ചെറിയൊരു മുറിവ് ശ്രദ്ധയില്‍ പെട്ടു. വേവലാതിയോടെ അവര്‍ ചുറ്റും നോക്കി. അവള്‍ കണ്ടതും അറപ്പോടെ എഴുന്നേറ്റു പിന്‍സീറ്റിലേക്കിരുന്നു. തന്‍റെ ബാഗില്‍ നിന്നും തൂവാലയെടുത്ത് കാലില്‍ പൊതിഞ്ഞു കെട്ടി. കുഞ്ഞ് അപ്പോഴും നിറുത്താതെ കരഞ്ഞു. തൊട്ടടുത്ത സ്റ്റോപ്പെത്തിയതും അവളും കൂട്ടുകാരികളും എഴുന്നേറ്റു വാതില്‍ക്കലെത്തി. ഉടന്‍ കണ്ടക്ടര്‍ പറഞ്ഞു: "ആ കുഞ്ഞിന്‍റെ കാലില്‍ മുറിവ് പറ്റിയതെങ്ങനെയെന്ന് അറിയാമോ...?" അവള്‍ കലിപ്പോടെ പറഞ്ഞു: "അതെങ്ങനെ എനിക്കറിയുക... കുഞ്ഞിനെ ശ്രദ്ധിക്കേണ്ടത് സ്വന്തം അമ്മയാ, ഞാനല്ല... താന്‍ വാതില്‍ തുറക്ക്. ഞങ്ങള്‍ക്ക് മീറ്റിംഗ് അറ്റന്‍ഡ് ചെയ്യാനുള്ളതാ... ഇപ്പൊത്തന്നെ സമയം വൈകി." ആളുകള്‍ പലരും സീറ്റില്‍ നിന്നും എഴുന്നേറ്റു. ആര്‍ക്കും ഒന്നും മനസ്സിലായില്ല. പലരും കണ്ടക്ടര്‍ക്കുനേരെ കയര്‍ത്തു. പെണ്‍കുട്ടികളെ തടഞ്ഞു വെച്ചതിന് കേസു കൊടുക്കണമെന്നും മറ്റും പറഞ്ഞ് ബഹളം വെച്ചു. അവള്‍ ഡോര്‍ തുറക്കാനാഞ്ഞു. കണ്ടക്ടര്‍ അവളെ തടഞ്ഞു. അവള്‍ക്ക് നന്നേ ദേഷ്യം കയറി. "ആ കുഞ്ഞിന് നഷ്ടപരിഹാരം കൊടുത്തിട്ട് പോയാല്‍ മതി." "വാട്ട്...?" - അവള്‍ അലറി. "തന്‍റെ കൈ നഖം തട്ടീട്ടാ കുഞ്ഞിന്‍റെ കാല്‍ മുറിവായത്. ആ വീഴ്ച്ചയില്‍ തന്‍റെ നഖം കുഞ്ഞിന്‍റെ കാലില്‍ കൊണ്ടിട്ടുണ്ട്. എന്തിനാടോ താന്‍ ഇത്ര നീട്ടി നഖം വളര്‍ത്തുന്നത്....?" "ഞാന്‍..." - തുറിച്ച കണ്ണുകളോടെ അവള്‍ അയാളെ നോക്കി. "അതെ, ഞാന്‍ കണ്ടു... ആ കുഞ്ഞ് കയറിയതു മുതലേ ഞാന്‍ ശ്രദ്ധിക്കുന്നുണ്ട്. എനിക്കുമുണ്ട് ഇതേ പ്രായത്തിലൊരു കുഞ്ഞ്. കുഞ്ഞിന്‍റെ കരച്ചില്‍ കേട്ടപ്പോഴാ ഞാനത് കണ്ടത്. തന്‍റെ നഖം കുഞ്ഞിന്‍റെ കാലില്‍ തറച്ചത്." ആളുകള്‍ അമ്പരന്നു നിന്നു. ഇങ്ങനെ ഒന്ന് പ്രതീക്ഷിച്ചതേയില്ല. അവള്‍ മിണ്ടാനാകാതെ തലകുനിച്ചു. പിന്നെ തന്‍റെ ബാഗ് തുറന്ന് രണ്ടായിരം രൂപയെടുത്ത് ആ സ്ത്രീക്കു നേരെ നീട്ടി. അവര്‍ വേണ്ടെന്നു വെച്ചു. അവള്‍ക്കു മുമ്പില്‍ പുറത്തേക്കുള്ള വാതില്‍ അപ്പോഴേക്കും തുറന്ന് കഴിഞ്ഞിരുന്നു. കണ്ടക്ടര്‍ക്കെതിരെ ശബ്ദമുയര്‍ത്തിയവര്‍ തങ്ങളുടെ ചെയ്തിയില്‍ പശ്ചാത്തപിച്ചു. ഒന്നും മിണ്ടാനാകാതെ തലയും താഴ്ത്തി നടന്നുപോകുന്ന അവളിലേക്കായിരുന്നു എല്ലാവരുടെ നോട്ടവും.

ചില പോറലുകള്‍

Jumaila Karipur's avatar
Written by

@jumailakaripur

Comments (0)

No comments yet. Be the first to share your thoughts.